Wednesday, 2 June 2021

പക



പ്രാണനും പ്രാണവായുവിനും 

ഇടയിലെ പിടച്ചിലുകൾക്ക് 

ദംഷ്ട്രയും നഖങ്ങളും 

വളർന്നു നീളും. 

അത് നിങ്ങളുടെ 

ശ്വാസകോശങ്ങളിൽ 

ആഴ്ന്നിറങ്ങും ,  അതുവരെ   

ഞങ്ങൾ പട്ടികളായിരിക്കും....




ജാലകം

Wednesday, 14 August 2019



ഒരു സ്ത്രീക്ക്  ഒരു ദിവസം
എത്ര തവണ അവളുടെ
മുടി അഴിച്ചു കെട്ടിവയ്ക്കാം.
എത്ര തവണ അവളുടെ അലമാര വൃത്തിയാക്കിവയ്ക്കാം.
അതികഠിനമായ ദുഖത്തിലൂടെ,  യാഥാർഥ്യത്തിലൂടെയാണ്
ഞാൻ കടന്നുപോകുന്നത്....
വിഷാദം ഒരു രോഗമാണെന്ന് പറയുന്നു,
എന്റെ ഉന്മാദമാണത്.
പതിയെ പതിയെ വെള്ളം
കയറിവരുന്ന ഒരാവസ്ഥയില്ലേ
ആദ്യം കാൽ, പിന്നെ
നെഞ്ച് കഴുത്ത് മൂക്ക്  കണ്ണ്
ഒടുവിൽ ആണ്ടുപോകുന്ന,
ചുറ്റിലും ആരുമില്ല,
നിലവിളികൾ ശബ്ദമില്ലാതായിപോകുന്ന,  ഒരവസ്ഥ
അതുപോലെ
അതുപോലെയാണ് ഞാനിപ്പോൾ...
ശരീരം മൊത്തം ചൂട്
അരിച്ചുകേറുന്നു
കണ്ണിൽ കണ്ണീർ ഉരുണ്ടുകൂടി
പൊട്ടിയൊ ഴുകുന്നു
എന്റെ പലമരണങ്ങൾ
കണ്ണിലൂടെ പാഞ്ഞുപോകുന്നു....

ജാലകം

Wednesday, 7 November 2018


അവർ
വിഷം തുപ്പുന്നനേരങ്ങളിൽ
മരിച്ചുപോകുന്ന സ്നേഹം
ഉയിർക്കാൻ കാത്തിരിക്കുന്നു
നിരായുധയായൊരുവൾ...
ഭ്രാന്തിന്റെ നട്ടുച്ചകളിൽ
മാറാപ്പിൽ 'പുരു'വിനെയും പേറി
കുടിനീരുതേടി നിന്റെ മുന്നിൽ
ഞാൻ കിതച്ചെത്തും,
എനിക്‌ ഭ്രാന്തുകോറിയിടാനുള്ള
ചുമരായ്‌ നീ മാറുക.

(Nb -പുരു- യയാതിയുടെ പുത്രൻ.
യ്യൗവനം ദാനം നൽകിയവൻ.
പുരു-അകാലവാർദ്ധക്യം)

ജാലകം

Saturday, 27 October 2018

പെണ്ണൊരുക്കം

ചിത്രശലഭങ്ങൾ ഒരു പ്രതീകമാണ്;
പെണ്ണൊരുക്കത്തിലെ
അരുതുകളില്ലാത്ത കാലത്തിന്റെ..!
അരുതുകളുടെ  മറപ്പുരകളിൽ മഞ്ഞളുതേച്ച്‌
തീണ്ടാരികുളിച്ച്‌
നനഞ്ഞ ചിറകുമായ്‌
കിതച്ചു നിൽക്കാതെ
ധാർഷ്ട്യത്തിന്റെ ധിക്കാരത്തിന്റെ അവഗണനയുടെ ആണ്മല കേറുക...
ജാലകം

Saturday, 24 March 2018

വിയർത്തുകുളിച്ചെത്തിയവന്റെ
അന്തികളിൽ അസ്വസ്തതകളുടെ
കഴുമരങ്ങൾ തൂങ്ങിയാടുന്നു.
ഭൂമിയിലിടമില്ലാതെ പരക്കം പായുന്ന
തെരുവു പട്ടിയെപ്പോലെ
അവൻ മോങ്ങിക്കൊണ്ടിരിക്കുന്നു.
പകൽ ഇരുട്ടിനേക്കാൾ ഭയാനകമാണു.
വെട്ടിപ്പിടിക്കലിന്റെ, സ്വാർത്തതയുടെ
പടയൊരുക്കങ്ങൾ,
കുതന്ത്രങ്ങൾ,
‌എല്ലാം ഒരു ഞാണിന്മേൽ കളി.
രാത്രികളിൽ പട്ടികളെപ്പോലെ
തോറ്റവനും ജയിച്ചവനും;
പക്ഷേ, ഇരുട്ടു ഒരു മറയാണു
ഹാ! ആശ്വസിക്കാം.
ജാലകം

Tuesday, 23 January 2018








ഭ്രാന്തിന്റെ പരിസരങ്ങളിലേയ്ക്‌
നീ കൈപിടിച്ചു കൊണ്ടുചെന്നാക്കുമെങ്കിൽ
എന്തിനാണു എനിക്കു ഭയം,
വഴിതെറ്റാതെ ചെന്നുചേരാം..

പക്ഷെ നീ കണ്മറയ്യും വരെ
നോക്കി നിൽക്കാതെ ,
മറഞ്ഞു നിൽക്കാൻ
പാതി ചാരിയ ഒരു വാതിൽ...
അവിടെ നിന്നാൽ
എനിക്കു കാണുവാൻ കഴിയണം
മനസ്സിന്റെ അടിത്തട്ടിൽ നിന്നു
ചങ്കോളമെത്തി തട്ടിനിൽക്കുന്ന
കനങ്ങൾക്കപ്പുറത്തുള്ള
അവസാനിക്കത്ത ശൂന്യത...
പ്രണയത്തിന്റെ പരൽമീനുകൾക്കും
ഭ്രാന്തിന്റെ ഉന്മാദതിമിംഗലങ്ങൾക്കും ശേഷം
നിനക്കറിയാൻ പറ്റാത്ത ചിലതുണ്ട്‌
എന്റെ കണ്ണുകളിൽ...

കാഴ്ചകൾ പേറാത്ത
ഇരുട്ടിലേയ്കു തുറക്കുന്നു ഞാൻ.
ജാലകം

Monday, 2 January 2017

യാത്ര

കാലമേ നിന്റെ കൺപിടച്ചിലിൽ
പൊഴിഞ്ഞു വീഴുന്നു ഞാൻ
അമ്മയുടെ കവിൾത്തടങ്ങളിലൂടെ ഒലിച്ചിറങ്ങി, ഒലിച്ചിറങ്ങി..
അതായിരുന്നു പുറത്തേയ്ക്കുള്ള
എന്റെ ആദ്യവഴി..
അഛൻ പലവട്ടം തടകെട്ടിയിട്ടും
അമ്മയുടെ കവിളുകളിലൂടെ
ഞാൻ ഒലിച്ചുകൊണ്ടേയിരുന്നു..
പുറത്തേയ്ക്കുള്ള എന്റെ വഴിയുടെ വ്യാപ്തി
നിന്റെ കവിളുകളോളം വന്നു..
ഞാൻ നിന്റെയും, നീ എന്റെയും
കണ്ണുകളിലെ തിരയിളക്കങ്ങളുടെ
താളം തിരഞ്ഞ്‌ തിരഞ്ഞ്‌
തളർന്ന് മടങ്ങുമ്പോൾ
നിന്റെ കൺപിടച്ചിലിൽ
ഉരുണ്ടുകൂടിവന്ന കണ്ണീർമ്മുത്തുകളിൽ
ഞാൻ വീണ്ടും പൊഴിഞ്ഞുവീഴുന്നു.
പൊഴിഞ്ഞുപോവുക എന്നതാണു
എന്റെയും നിന്റെയും നിയോഗം
പുറത്തേയ്ക്കുള്ള
എന്റെ അവസാനവഴി
മകളുടെ കവിളുകളിലൂടെയായിരുന്നു.
ഒറ്റ പ്രാർത്ഥനയേയുള്ളു,
എന്റെ വഴി അവസാനിക്കുന്നിടം
ഇനിയൊരു തുടക്കമുണ്ടാവാതിരിക്കട്ടെ.
ജാലകം