ഓര്‍മ്മകളിലെക്കൊരൊറ്റ നടപ്പാത പോലെ
ഇന്നും മാറാതെ കിടക്കുന്നത്,
മദ്രസ്സവിട്ടു പാഞ്ഞു വരുന്ന അദ്രൂനെ
അക്ഷമയോടെ കാത്തിരിക്കാറുണ്ടായിരുന്ന
ഈ തോട്ടു വരമ്പ് മാത്രം...
ഇതിന്‍റെ അങ്ങേ അറ്റത്ത്
ഒരു വീടുണ്ടായിരുന്നു...
കരിയോലയും ചീമക്കമ്പുകളും
കൊണ്ടൊരു കൊച്ചു വീട്....
അവിടെ
ഉന്നപ്പൂളയുടെ ചുവന്ന പൂക്കള്‍ കോര്‍ത്ത്
കല്യാണം കഴിച്ച
വേനലവധിക്കാലങ്ങള്‍ .....
മണ്ണപ്പം ചുട്ടു ഞാന്‍ വീട്ടുകാരിയും
ചിരട്ടയും മണ്ണും കൊണ്ടുവന്നവന്‍
വീട്ടുകാരനുമായ്....
മലര്‍ത്തിക്കിടത്തിയാല്‍ കണ്ണടക്കുന്ന പാവകുട്ടിക്ക്
ഞങ്ങള്‍ അമ്മയും ബാപ്പയുമായി....
നോമ്പെടുത്ത് അവനും
നോമ്പെടുക്കാതെ ഞാനും
കോയ്യെറച്ചിയ്ക്കും പത്തിരിക്കും
കൊതിയോടെ കാത്തിരുന്ന
നോമ്പുകാലത്തെ മഗ്രിബ് നേരങ്ങള്‍....
പടക്കം പൊട്ടിച്ചു എനിക്കു മുന്നില്‍
ആണായി ഞെളിഞ്ഞു നിന്ന വിഷുക്കാലങ്ങള്‍ ,
വാഴയിലക്കറ പറ്റിയ
തിരുവോണ നാളിലെ ഉച്ചകള്‍ ...
എല്ലാം...
അവിടെ ആയിരുന്നു.....
മാറ്റമില്ലാതെ കിടക്കുന്ന
തോട്ടുവരമ്പിന്‍റെ അങ്ങേ അറ്റത്ത്...
ഇവിടെ ഈ അറ്റത്തു
അദ്രു എനിക്കറിയാത്ത എന്തൊക്കയോ ആണ്...
വായനശാലയ്ക്ക് കിഴക്ക് ഭാഗത്തെ കുരുട്ടിടയില്‍
അവന്‍ ആളെ കൂട്ടുന്നു; കുശു കുശുക്കുന്നു
ഹര്‍ക്കത്തുള്‍ ജിഹാദേന്നും
ലഷ്ക്കര്‍ ജിഹാദേന്നുമൊക്കെ
ഇടയ്ക്കിടെ മുഴങ്ങുന്നു....
അദ്രു എന്തിനൊക്കയോ ഒരുങ്ങിപുറപ്പെടുന്നു
എത്ര വിളിച്ചിട്ടും
ചെവിതരാതെ
തിരിഞ്ഞു നോക്കാതെ അദ്രൂ...
