Saturday, 24 March 2018

വിയർത്തുകുളിച്ചെത്തിയവന്റെ
അന്തികളിൽ അസ്വസ്തതകളുടെ
കഴുമരങ്ങൾ തൂങ്ങിയാടുന്നു.
ഭൂമിയിലിടമില്ലാതെ പരക്കം പായുന്ന
തെരുവു പട്ടിയെപ്പോലെ
അവൻ മോങ്ങിക്കൊണ്ടിരിക്കുന്നു.
പകൽ ഇരുട്ടിനേക്കാൾ ഭയാനകമാണു.
വെട്ടിപ്പിടിക്കലിന്റെ, സ്വാർത്തതയുടെ
പടയൊരുക്കങ്ങൾ,
കുതന്ത്രങ്ങൾ,
‌എല്ലാം ഒരു ഞാണിന്മേൽ കളി.
രാത്രികളിൽ പട്ടികളെപ്പോലെ
തോറ്റവനും ജയിച്ചവനും;
പക്ഷേ, ഇരുട്ടു ഒരു മറയാണു
ഹാ! ആശ്വസിക്കാം.
ജാലകം

Tuesday, 23 January 2018
ഭ്രാന്തിന്റെ പരിസരങ്ങളിലേയ്ക്‌
നീ കൈപിടിച്ചു കൊണ്ടുചെന്നാക്കുമെങ്കിൽ
എന്തിനാണു എനിക്കു ഭയം,
വഴിതെറ്റാതെ ചെന്നുചേരാം..

പക്ഷെ നീ കണ്മറയ്യും വരെ
നോക്കി നിൽക്കാതെ ,
മറഞ്ഞു നിൽക്കാൻ
പാതി ചാരിയ ഒരു വാതിൽ...
അവിടെ നിന്നാൽ
എനിക്കു കാണുവാൻ കഴിയണം
മനസ്സിന്റെ അടിത്തട്ടിൽ നിന്നു
ചങ്കോളമെത്തി തട്ടിനിൽക്കുന്ന
കനങ്ങൾക്കപ്പുറത്തുള്ള
അവസാനിക്കത്ത ശൂന്യത...
പ്രണയത്തിന്റെ പരൽമീനുകൾക്കും
ഭ്രാന്തിന്റെ ഉന്മാദതിമിംഗലങ്ങൾക്കും ശേഷം
നിനക്കറിയാൻ പറ്റാത്ത ചിലതുണ്ട്‌
എന്റെ കണ്ണുകളിൽ...

കാഴ്ചകൾ പേറാത്ത
ഇരുട്ടിലേയ്കു തുറക്കുന്നു ഞാൻ.
ജാലകം

Monday, 2 January 2017

യാത്ര

കാലമേ നിന്റെ കൺപിടച്ചിലിൽ
പൊഴിഞ്ഞു വീഴുന്നു ഞാൻ
അമ്മയുടെ കവിൾത്തടങ്ങളിലൂടെ ഒലിച്ചിറങ്ങി, ഒലിച്ചിറങ്ങി..
അതായിരുന്നു പുറത്തേയ്ക്കുള്ള
എന്റെ ആദ്യവഴി..
അഛൻ പലവട്ടം തടകെട്ടിയിട്ടും
അമ്മയുടെ കവിളുകളിലൂടെ
ഞാൻ ഒലിച്ചുകൊണ്ടേയിരുന്നു..
പുറത്തേയ്ക്കുള്ള എന്റെ വഴിയുടെ വ്യാപ്തി
നിന്റെ കവിളുകളോളം വന്നു..
ഞാൻ നിന്റെയും, നീ എന്റെയും
കണ്ണുകളിലെ തിരയിളക്കങ്ങളുടെ
താളം തിരഞ്ഞ്‌ തിരഞ്ഞ്‌
തളർന്ന് മടങ്ങുമ്പോൾ
നിന്റെ കൺപിടച്ചിലിൽ
ഉരുണ്ടുകൂടിവന്ന കണ്ണീർമ്മുത്തുകളിൽ
ഞാൻ വീണ്ടും പൊഴിഞ്ഞുവീഴുന്നു.
പൊഴിഞ്ഞുപോവുക എന്നതാണു
എന്റെയും നിന്റെയും നിയോഗം
പുറത്തേയ്ക്കുള്ള
എന്റെ അവസാനവഴി
മകളുടെ കവിളുകളിലൂടെയായിരുന്നു.
ഒറ്റ പ്രാർത്ഥനയേയുള്ളു,
എന്റെ വഴി അവസാനിക്കുന്നിടം
ഇനിയൊരു തുടക്കമുണ്ടാവാതിരിക്കട്ടെ.
ജാലകം

Monday, 4 July 2016

മാനത്തു മഴയില്ല;
കനക്കുന്നുണ്ടൊരു മഴ മനസ്സിൽ
കരളുചോർന്നൊലിക്കുന്ന മഴയാരു നനയാൻ?
ഓർമ്മകൾ കത്തുന്ന വഴിയിൽ
വേവുന്ന പൂവിന്റെ നോവാരറിയാൻ?
നാണമായ്‌ പെയ്യാനൊരുങ്ങിയ മഴ,
ഏതോ വേനലിന്റെ ഭിത്തിയിൽ
തലതല്ലിയാർത്ത്‌
കനമുള്ള തുള്ളിയാവുന്നു....
ജാലകം

Thursday, 7 January 2016

ഞാനൊരു മരമായിരുന്നുവെങ്കിൽ
നിന്റെ ആഴങ്ങൾ തേടി
എന്റെ വേരുകൾ വരുമായിരുന്നു...
നിന്റെ ഇലകളിൽ ഞാൻ
ഹരിതമായ്‌ നിറഞ്ഞേനെ...
ഞാൻ ഒരു മരമായിരുന്നുവെങ്കിൽ
നിന്റെ വെനലിനെ എന്റെ ചില്ലകളേറ്റുവാങ്ങിയേനെ....
ഒടുവിൽ എന്റെ വേരുകളറുതിട്ട്‌
നിന്നിലേയ്ക്‌ ചാഞ്ഞു ഞാൻ
മരണപ്പെടുകയും ചെയ്യുമയിരുന്നു.....
ജാലകം

Saturday, 19 September 2015


വീട്ടിലെ കിച്ചണ്‍ 
ഓപ്പെൻ കിചെനാക്കുന്നതിന്റെ 
ചർച്ചയിൽ 
മിസ്സിസ് കെ നായർ (വിവ: കപട ആട്യത്വത്തിന്റെ ദുഷിച്ച 
ചീഞ്ഞ മുഖവുമായ് സവർണ്ണമായ് ചിരിക്കുന്ന സ്ത്രീ )
കിച്ചണ്‍ ഓപ്പെനയാൽ ഒക്കത്തി ല്ല 
എന്റെ മകനും മരുമകൾക്കുമിടയിൽ 
അടുക്കളച്ചുവരിന്റെ 
ഒരന്തരം എന്ത് തന്നെയായാലും വേണം 
അതില്ലാതെ പറ്റില്ല ..
തള്ളച്ചിമാരെല്ലാം  കൂട്ടകയ്യടി  ;
പെണ്‍കിടാങ്ങൾ കുറവായ ചർച്ചയിൽ 
ഓപ്പെൻ  കിച്ചണ്‍ തള്ളിപ്പോയ് 

ചർച്ച  വഴിതിരിഞ്ഞു 
അടുത്ത വീട്ടിലെ 
അഞ്ചു  വയസ്സുള്ള 'മേത്ത'ചെക്കൻ 
വീട്ടിലെ ഒന്നര വയസ്സുള്ള പെണ്‍കുട്ടിയുമായ് 
കളിക്കുന്നതായ് അടുത്ത ടോപിക് 
തള്ളച്ചിമാരെല്ലാം  ഒറ്റക്കുതിപ്പായിരുന്നു 
ഇന്നത്തെ കാലത്തേയ്ക് 
ഒരു മെട്രോ ട്രെയിനിൽ 
ചർച്ച  പുരോഗമിച്ചു ...
കാലം ചീത്തയാണ്‌ 
ചെക്കൻ  ചെലപ്പോ ഉദ്ധരിക്കപ്പെടും 
മോളെ ഉമ്മവയ്കാൻ  സമ്മതിക്കരുത് 
എന്തുതന്നെയായാലും അവൻ ആണാണ് 
അങ്ങനെ നീണ്ടുപോയ് 

ഒടുക്കം ചർച്ച ചെന്നുതട്ടിനിന്നത് 
പതിവുപോലെ  'സ്ത്രീധനത്തിൽ'

(ക്ഷമ , മെട്രോ ട്രെയിനിൽ  കയറിപ്പോയ  തള്ളചിമാർ
ഗാർഹിക  പീഡനമെന്നേ  പറയു  
ഓ  എന്തെങ്കിലും ആവട്ടെ  ;ചർച്ച )

സ്ത്രീധനം വാങ്ങരുത് ,കൊടുക്കരുത് ,പ്രേരിപ്പിക്കരുത് 
എന്തൊരു ഒത്തൊരുമ 
തള്ളച്ചി മാരും ന്യൂ ജനറെഷൻ മരുമക്കളും 
കൂട്ടത്തോടെ  കയ്യടി .

[പൊളിച്ചു മാറ്റാത്ത അടുക്കളച്ചുവരിന്റെ
അപ്പുറത് ഗ്യാസ് കുറ്റിയിൽ നിന്നും 
ഒരു ദീർഘനിശ്വാസം തെറിച്ചു  വീണു  ]

ചർച്ച  പിരിഞ്ഞു ;
പെണ്ണുങ്ങൾക്ക്  സീരിയൽ സമയം ....
 


 
ജാലകം

Thursday, 17 September 2015

എന്റെ ഛേദങ്ങളുടെ മാറ്റം
ആനുപാതികമായ് നിന്റെ അംശങ്ങളിൽ
കാണാതിരിക്കുമ്പോൾ
നമ്മൾ ഞാനും നീയുമായ് രണ്ടാക്കപ്പെടുന്നു
ജാലകം