Tuesday 14 December 2010

കൃഷ്ണപക്ഷത്തിലെ
കിളികളോരോന്നും
ചത്തുമലച്ചു ഒഴുകിനടന്ന
പുഴയാണിത് ...
പെട്ടെന്നൊരു ദിവസം
അപ്രത്യക്ഷയായ
മേരിക്കുട്ടി ഒഴുകി നടന്നതും ഈ പുഴയില്‍ ...
കാറ്റില്ലാത്തോരുച്ചക്ക്
കടലാസുകൊണ്ടൊരു
പായ്ക്കപ്പലില്‍ ഞാന്‍
യാത്രതിരിച്ചതും
ഇതേ പുഴയില്‍ തന്നെ...
നേരംപോക്കിന്റെ ഏറ്റവും അറ്റത്ത്
കൃഷ്ണേട്ടന്റെ സാഹസികതകള്‍
പൊങ്ങിക്കിടന്നതും ഈ പുഴയിലാണ് ...
കൊച്ചമ്മിണീടെ വെളുത്ത കാലുകള്‍
ഉമ്മവയ്ക്കാന്‍ ആര്‍ത്തിപൂണ്ട
വരാലുകള്‍ പുളഞ്ഞുമറിഞ്ഞതും
ഇതേ പുഴയിലാണ് ...
പക്ഷെ കൃഷ്ണപക്ഷകിളികളും മേരികുട്ടിയും
ഇന്നിപ്പോള്‍ മരിക്കാനിടം തേടി നടക്കുന്നു ...
കൃഷ്ണേട്ടന്റെ പൊങ്ങച്ചങ്ങളുടെ പുഴ നിശബ്ദമായി...
വരാലുകള്‍ ഭൂമി പിളര്‍ന്നു പോയോ എന്തോ ?...!!
ഞാന്‍ ...
എനിക്കെന്ത്‌ സംഭവിച്ചു ...!!...?? - രേഷ്മ തോട്ടുങ്കല്‍ ജാലകം

Sunday 5 December 2010

പ്രാണയാര്‍ബുദം
ഇതിനിടക്കാണ് എന്റെ നെഞ്ചിന്റെ
ഇടതു ഭാഗത്തായി ഒരു മുഴ
എന്റെ കവിസുഹൃത്ത് കാണിച്ചു തന്നത് ...
ഹൃദയം കാര്‍ന്നുതിന്നുന്ന
പ്രാണയാര്‍ബുദമാണത്രെ അത് ...

മുമ്പൊരിക്കല്‍ അയാള്‍ക്കും
വന്നിരുന്നത്രേ ഈ അസുഖം,
ഇപ്പോഴും കവിതകൊണ്ട്
റേഡിയേഷന്‍ നടത്തുന്നുണ്ട് പോലും
ജീവന്‍ നിലനിര്‍ത്താന്‍ ...
ഈ മുഴയ്ക്ക് ഒരാളിനോട്
സാദൃശ്യം കാണുമത്രെ ...!
സംഗതി സത്യമാണ്
കണ്ണാടി നിന്റെ രൂപത്തെ
കാണിച്ചു തന്നു ... - രേഷ്മ തോട്ടുങ്കല്‍
ജാലകം
പേറ്റന്റ്‌


ഒരുമിച്ചു സ്വപ്നം കാണാന്‍ വേണ്ടിയായിരുന്നു
എന്റെ സര്‍ഗ്ഗങ്ങളെ ഞാന്‍ അണിയിച്ചൊരുക്കിയത്...
അവള്‍ അന്നെ പറഞ്ഞിരുന്നു
'അറിയുക ' എന്നാല്‍ അവസാനമാണെന്ന് ...
എന്നിട്ടും നിന്റെ സ്വപ്നങ്ങളെ തേടി
എന്റെ സര്‍ഗ്ഗങ്ങള്‍ ഇറങ്ങി പുറപ്പെട്ടത്‌ ...
തിരിച്ചു വന്നപ്പോള്‍ എന്റെ സര്‍ഗ്ഗങ്ങള്‍
കൂടുതല്‍ പക്വമതിയായപ്പോള്‍ ,
മൗനം കൊണ്ട് കനം വച്ചപ്പോള്‍ ,
നിര്‍ത്താതെ പൂക്കളെ പറ്റി
പാടിയവള്‍ അവയെ മറന്നപ്പോള്‍ ...
നിന്റെ സ്വപ്നങ്ങളുടെ
പേറ്റന്റ്‌ ഇല്ലാത്തതിനാല്‍
കൂടെ കഴിഞ്ഞ നാളുകളിലെല്ലാം
നിഷേധത്തിന്റെ മുറികളിലായിരുന്നു
എന്റെ ഉറക്കം ... - രേഷ്മ തോട്ടുങ്കല്‍ ജാലകം

Monday 29 November 2010

കൃത്യം ആറരക്ക് പറമ്പിന്റെ മൂലക്കുള്ള മാവും കടന്നു
കുത്തനെയുള്ള ചരല്‍ നിറഞ്ഞ കുണ്ടനിടവഴിയിലൂടെ ഓരോട്ടമുണ്ട് തോട്ടിലേക്ക് ,
കൊഴിമോട്ടെടെ ആകൃതിയില്‍ കാപ്പി കളറില്‍ ചില്ലുപോലുള്ള ,
രാഘവന്‍ മാഷിന്റെ സോപ്പിന്റെ മണം വലിച്ചെടുക്കാനായിട്ട് ...

ഇലഞ്ഞി പൂക്കളുടെ മണമാണ് അന്നത്തെ എന്റെ കളികള്ക്കെല്ലാം,
കളികൂട്ടുകാരി ഷമീനക്കും...

കറുത്ത എല്ലിച്ച രൂപം രമോടിനായര്‍ ,
മൂപ്പര്‍ക്കെന്നും കള്ളിന്റെ മണമാണ് ...

കന്നുപൂട്ടുകാരന്‍ രാജേട്ടനും അയാളുടെ കാളകള്‍ക്കും
ചളിമണമാണ് ...

ആട്ടുംപാലിന്റെ ചൂരുള്ള മണമാണ് സരോജിനിയെച്ചിക്ക് ...

താഴത്തെ വീട്ടിലെ അറകള്‍ക്കും,
പുയ്യാപ്ലമാര്‍ക്കും ഗള്‍ഫ് മണമാണ് ...

കലണ്ടറിലെ ദേവിയുടെ മുഖമുള്ള ,
സാവിത്രി ചേച്ചിക്ക് മുല്ലപ്പൂവിന്റെ മണമാണ് ...

പക്ഷെ എത്ര ശ്രമിച്ചിട്ടും നിന്റെ മണം
അതെനിക്ക് ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല ... - രേഷ്മ തോട്ടുങ്കല്‍ ജാലകം

Wednesday 10 November 2010

ഓര്‍മ്മകളില്‍ ആ പേര്...

'ആദിത്യ' അതായിരുന്നു എന്റെ പേര്. ഇല്ല മറന്നിട്ടില്ല എന്റെ പേര്... പൂപ്പല്‍ പിടിച്ച ഓര്‍മ്മകള്‍ക്കിടയില്‍ നിന്ന് എനിക്കിപ്പോള്‍ ചുരണ്ടിയെടുക്കാന്‍ കഴിയുന്നുണ്ട്.
ഓര്‍മ്മകളുടെ പടവുകളില്‍ ചിലതിലെല്ലാം നിലകിട്ടാതെ വഴുതി വീഴുന്നു, ചിലതില്‍ കാല്‍ വയ്കാന്‍ തന്നെ അറയ്ക്കുന്നു.
ഓര്‍മ്മകളാണോ ഒരു മനുഷ്യന്റെ ജീവന്‍...!
അങ്ങനെയെങ്കില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ താന്‍ മരിച്ചതായിരുന്നു. ഇപ്പോള്‍ വീണ്ടും ആദിത്യ എന്ന എന്നില്‍ ജീവന്റെ തെളിവുകള്‍ കാണിച്ചുതുടങ്ങിയിരിക്കുന്നു...
അതെ സാന്റിയാഗോ ഇവാന്‍ എന്ന ആഗ്ലോ ഇന്ത്യനെ, അവന്റെ ചുവന്ന ചുണ്ടും, വൃത്തിയുള്ള കാലും എനിക്കോര്‍ക്കാന്‍ കഴിയുന്നു...
പക്ഷെ അവന്റെ മനസ്സ്... അതെനിക്ക് ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല...
എന്തുകൊണ്ട് എന്റെ ആദ്യ ഓര്‍മ്മയില്‍ അവന്‍ ...!
അതിനും മുന്പ് എന്റെ പൊക്കിള്‍ കോടിയോട് പിണഞ്ഞു കിടന്ന എന്റെ ഓര്‍മ്മ, എന്റെ മകന്‍...
അവന്‍ ജനിച്ചപ്പോള്‍ ഹരിദാസിനോട് ഏറെ വഴക്കിട്ടു...മോന്റെ പേരിനെ ചൊല്ലിയായിരുന്നു... ഹരി തീര്‍ത്ത്‌ പറഞ്ഞു, ആ പേരൊഴിച്ച് വേറെന്തും നിനക്ക് സെലക്ട്‌ ചെയ്യാന്ന്... എന്റെ വാശി നടന്നില്ല...
പക്ഷെ വെറും വാശി മാത്രമായിരുന്നോ അത്... പക്ഷെ ഞാന്‍ അവനെ അങ്ങനെത്തന്നെ വിളിച്ചു...
എന്റെ അവന്‍ വന്നില്ലേ... അമ്മയെ കാണാന്‍ ...
പക്ഷെ ഹരിദാസ്‌ മരിച്ചതില്‍ പിന്നെ അവനെ അങ്ങനെ വിളിക്കാന്‍ എനിക്ക് എന്തോ പോലെ ആയിരുന്നു...
ഒരിക്കല്‍ ഞാനോര്‍ക്കുന്നു, ഹരിയുടെ മരണശേഷം അവനെ ഞാനാദ്യമായി ഹരി വിളിക്കിക്കും പോലെ വിളിച്ചത്...
ഡൈയ്നിംഗ് ഹാളിന്റെ ഇടതുവശത്തെ അവന്റെ മുറിയുടെ വാതിലില്‍ ചാരിനിന്ന്‌ അവന്‍ എന്നെ തുറിച്ചുനോക്കിയത് ഞാനിന്നും വ്യക്തമായി ഓര്‍ക്കുന്നു...മെല്ലെ നടന്നുവന്ന് എന്നിലേക്ക് ചേര്‍ന്ന്‍ നിന്ന് അവന്‍ പറഞ്ഞു, " അമ്മെ അങ്ങനെ വിളിക്കണ്ട, വല്ലാത്ത അപരിചിതത്വം... അമ്മയില്‍ നിന്ന് വളരെ അകലം പോയ പോലെ... എന്നെ ഇപ്പോഴും വിളിക്കും പോലെ വിളിക്കു..."
അവന്‍ പറഞ്ഞത് എത്രയോ ശരിയാണ്, ആ പേര് അത്രമേല്‍ എന്നില്‍ ഒട്ടിച്ചെര്‍ന്നതാണ്...
ഹരിക്കും അതറിയാമായിരുന്നു... എങ്കിലും ഒരിക്കല്‍ പോലും എന്നെ നോവിച്ചിട്ടില്ല, പക്ഷെ മോന്റെ പേരിന്റെ കാരിയത്തില്‍ മാത്രം ഹരി ഉറച്ചുനിന്നു...
ഹരി മരിച്ചതിനുശേഷം ഒന്നര വര്‍ഷം കഴിഞ്ഞതിനു ശേഷമാണ് നൈസ്സ വീട്ടിലെത്തുന്നത്...
ഒരുച്ഛക്ക് പത്രത്തില്‍ കന്നോടിച്ചുകൊണ്ട് വെറുതെ കസേരയിലിരിക്കുമ്പോള്‍ അവന്‍ വന്ന് എന്റെ കാലില്‍ ചാരിയിരുന്നു. എനിക്കറിയാം എന്റെ കൈ അവന്റെ തലയിലൂടെ സഞ്ചരിക്കണം അപ്പോള്‍ ...
ഞാന്‍ പത്രം മാറ്റിവച്ചു, അവന്റെ മുടിയില്‍ വിരലോടിച്ചു...
അവനെന്റെ കൈപിടിച്ച് എനിക്ക് മുഖം തിരിഞ്ഞിരുന്നു...
അവനെന്തോ പറയാനുണ്ട്... " അമ്മേ നൈസ്സ ഹക്കീമിനെ എനിക്കിഷ്ട്ടമാണ്, അവളെ ഞാന്‍ വിവാഹം ചെയ്യുന്നു..."
ഞാന്‍ ഒന്നും പറഞ്ഞില്ല... അവനും...കുറച്ച് സമയംകൂടി അങ്ങനെത്തന്നെയിരുന്ന അവന്‍ എഴുന്നേറ്റുപോയി...
കണ്ണാട ഊരി ടിപ്പോയില്‍ വച്ച് കസേരില്‍ ചാരി കിടന്നു ഞാന്‍ ... ഞാന്‍ ഹരിദാസിനെ ഓര്‍ത്തു... ഹരി ഉണ്ടെങ്കില്‍ സമതിക്കുമായിരുന്നോ...?
പെട്ടെന്ന്‍ കവിളില്‍ എന്തോ. ഞാന്‍ ഞെട്ടിയുണര്‍ന്നു കിച്ചന്‍ , എന്റെ കൊച്ചുമോന്‍ ഉമ്മ വച്ചതാ... അവന്‍ കൊഞ്ചുന്നു, " മുത്തശ്ശി സ്വപ്നം കാണ്വാ... എത്ര ദിവസമായി മുത്തശ്ശീടെ കഥ കേട്ടിട്ട് "
നൈസയും ഉണ്ട്. അവള്‍ ടിഫിന്‍ കാരിയറും ഫ്രൂട്സും ടേബിളില്‍ വക്കുന്നു. എന്തായാലും തന്റെ മകന്റെ ഭാര്ര്യ ഭാഗ്യവതി തന്നെ. അവള്‍ക്ക് അവളുടെ മകന്റെ പേരിടലിനു ഒരു വാശി പിടിക്കലും വേണ്ടി വന്നില്ല...
വല്ലാത്ത ക്ഷീണം ആദിത്യ എന്ന എനിക്ക് കുറച്ച് ഉറങ്ങണം...
രേഷ്മ തോട്ടുങ്കല്‍ ജാലകം

Tuesday 26 October 2010

എന്റെ ഫ്രെയിമുകള്‍
നിറയെ ശവം നാറികളാണ്
ഭൂമിയില്‍ ചിരിക്കാന്‍
മറന്നു പോയ പൂവുകള്‍ ...
വൃത്തങ്ങളും അലങ്കാരങ്ങളും ഇല്ലാതെ
കുറെ ബിംബങ്ങളെ വീണുകിട്ടി
ചേര്‍ത്ത് വച്ച് കവിതയെഴുതി ഞാന്‍ ...
സാഹിത്യ അക്കാദമികള്‍
നിറഞ്ഞ സ്നേഹം തന്നു...
ശവം നാറികള്‍ ശ്രദിക്കപെട്ടു...
അടുത്തരാത്രി വെറുതെ
ഒന്നിങ്ങിച്ചെന്നു...
എന്റെ ഫ്രെയിമിലേക്ക്
ഒരിക്കല്‍ പോലും എന്നെ
നോക്കാതിരുന്ന ശവം നാറികള്‍
അന്നാദ്യമായി എന്നെ നോക്കി
പേരറിയാത്ത ഏതോ വികാരത്തോടെ,
തീഷ്ണമായ ഒരു വേദനയില്‍
ഞാന്‍ പിടഞ്ഞുപോയി...
ഞാന്‍ കത്തിച്ചു കളയുന്നു എന്റെ ഈ കവിത...രേഷ്മ തോട്ടുങ്കല്‍ ജാലകം
ഉദ്ധരണിക്കകത്ത് വീര്‍പ്പു മുട്ടുന്ന ചോദ്യചിഹ്നങ്ങള്‍ ....
ഉത്തരങ്ങളെന്നും അര്‍ദ്ധവിരാമങ്ങളില്‍ മയങ്ങി...
ബാക്കി വച്ചതെല്ലാം ആശ്ച്ചര്യചിഹ്നങ്ങളില്‍ പല്ലിളിച്ചു....
എനിക്ക് വേണ്ടത് ഒരു പൂര്‍ന്നവിരാമമാണ് കോമകൊണ്ടെന്നെ കീരിയിട്ടത് മതി... രേഷ്മ തോട്ടുങ്കല്‍ ജാലകം
വാക്കിന്റെ ഇന്ദ്രജാലം കൊണ്ട് എന്നെ മയക്കിക്കിടത്തി അയാള്‍ പോയി...
സൂര്‍യ മുഖം നൂറ്റൊന്നെണ്ണവും എന്റെ അടിവയറ്റില്‍ എന്നെ വേദനിപ്പിച്ചുകൊണ്ടിരുന്നു.... രേഷ്മ തോട്ടുങ്കല്‍ ജാലകം
ഒരിക്കലെങ്കിലും നിലാവു പെയ്യണം എന്നില്‍ ഓര്‍മകളെ ഉണര്‍ത്താതെ ഞാന്‍ വരും.... രേഷ്മ തോട്ടുങ്കല്‍ ജാലകം

Monday 25 October 2010

ഓര്‍മ്മകളുടെ ചര്‍ദിലില്‍ ചവിട്ടി നടക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി....
ചിന്തകള്‍ അര്‍ബുദമായിവന്ന് എന്നും വേദനിപ്പിക്കും....
കുത്തിവയ്ക്കാന്‍ മറന്നതുകൊണ്ട് മനസ്സ് പോളിയോ ബാധിച്ച് തളര്‍ച്ചയിലാണ്, ഓടിപ്പോകാന്‍ ഗതിയില്ലാതെ...
എങ്കിലും പാടും എന്നും, പ്രതിഷേധത്തിന്റെ രോദനം, കളഞ്ഞു പോയ എന്തോ ഓര്‍ത്ത്.... രേഷ്മ തോട്ടുങ്കല്‍ ജാലകം
ഒരു ചതിയുടെ കണക്കുമാത്രമേ നമുക്കിടയില്‍ ബാക്കിയാകൂ....
കാല്പനികതയെ കഴുത്തുഞെരിച്ചുകൊന്ന്‌ പോലും ഞാന്‍ ആ കടം തീര്‍ക്കും,
നമ്മുക്കിടയില്‍ ഒന്നും ബാക്കിയാവാതിരിക്കാന്‍..... രേഷ്മ തോട്ടുങ്കല്‍ ജാലകം
ഒരു ഹൃദയം മുഴുവനായി നിറഞ്ഞു നില്‍ക്കുക എന്നത് അസാധ്യമാണ്....
പാട്ടത്തിനെടുക്കാം, അതിര്‍വരംബിട്ട് പൂപ്പാടം തീര്‍ക്കാം .... രേഷ്മ തോട്ടുങ്കല്‍ ജാലകം
പറയൂ...
ഈ കുറിപ്പുകള്‍ക്കൊക്കെ എന്താണര്‍ത്ഥം,
വെള്ളം മാറ്റാതെ വച്ച ഒട്ടുകിണ്ടിയിലെ വഴുവഴുപ്പല്ലാതെ ഈ കുറിപ്പുകള്‍ എന്ത്?...
വെന്നീരിട്ടു വടിച്ചാല്‍ പഴയ വഴുവഴുപ്പിനെ പാടെ മറക്കില്ലേ ഒട്ടുകിണ്ടികള്‍ ...... രേഷ്മ തോട്ടുങ്കല്‍
ജാലകം

Sunday 24 October 2010

ഗന്ധര്‍വന്മാര്‍ 2010

ചന്ദ്രസ്പര്‍ശമുള്ള രാവുകളില്‍ ഇന്നും ഗന്ധര്‍വന്മാര്‍ സജീവമാണ്.....
പത്തക്കങ്ങളുടെ ചിറകിലേറി ഉള്ളം കയ്യിലെ ഹൃദയങ്ങളില്‍ വൈബ്രേഷന്‍ തീര്‍ത്ത്‌ ഗന്ധര്‍വലോകത്തെക്ക് കൂട്ടികൊണ്ട് പോകുന്ന ഗന്ധര്‍വന്മാര്‍ പകലുകളില്‍ ട്രാഫ്റുകളില്‍ ഉറങ്ങികിടക്കുന്നു..... രേഷ്മ തോട്ടുങ്കല്‍ ജാലകം

Sunday 17 October 2010

എന്നും ഒറ്റയാണ് എവിടെയും.....
കടുത്ത ചായം തേച്ച വീടുകള്‍ക്ക് ജാലകങ്ങളില്ല.....
ഉടുപ്പിനു തീ പിടിക്കും, തീപ്പെട്ടിയും ഗ്യാസും തമ്മിലുള്ള പ്രണയത്തില്‍ ... ഓര്‍മ്മകള്‍ കത്തി നശിക്കണം,
നിറങ്ങള്കപ്പുമുള്ള നിറമില്ലയ്മയില്‍ ഒരിടം വേണമെനിക്ക് .....
എങ്കിലും പുറത്തെ മാവ് എന്നും പൂത്തുതന്നെയിരിക്കണം..... രേഷ്മ തോട്ടുങ്കല്‍ ജാലകം

Sunday 10 October 2010

കവിതയോ..........!!!
ഭീരുക്കളുടെ ഭാഷയാണത്,
ഒന്നും തുറന്നു പറയാനും ചെയ്യാനും
ധൈര്യമില്ലാതവന് വാക്കിന്ടെ
ഇന്ദ്രജാലം കൊണ്ടു
വികൃതി കാട്ടി ഒളിച്ചിരിക്കാനുളള
ഒരിടം...... ജാലകം