ഒരു സ്ത്രീക്ക് ഒരു ദിവസം
എത്ര തവണ അവളുടെ
മുടി അഴിച്ചു കെട്ടിവയ്ക്കാം.
എത്ര തവണ അവളുടെ അലമാര വൃത്തിയാക്കിവയ്ക്കാം.
അതികഠിനമായ ദുഖത്തിലൂടെ, യാഥാർഥ്യത്തിലൂടെയാണ്
ഞാൻ കടന്നുപോകുന്നത്....
വിഷാദം ഒരു രോഗമാണെന്ന് പറയുന്നു,
എന്റെ ഉന്മാദമാണത്.
പതിയെ പതിയെ വെള്ളം
കയറിവരുന്ന ഒരാവസ്ഥയില്ലേ
ആദ്യം കാൽ, പിന്നെ
നെഞ്ച് കഴുത്ത് മൂക്ക് കണ്ണ്
ഒടുവിൽ ആണ്ടുപോകുന്ന,
ചുറ്റിലും ആരുമില്ല,
നിലവിളികൾ ശബ്ദമില്ലാതായിപോകുന്ന, ഒരവസ്ഥ
അതുപോലെ
അതുപോലെയാണ് ഞാനിപ്പോൾ...
ശരീരം മൊത്തം ചൂട്
അരിച്ചുകേറുന്നു
കണ്ണിൽ കണ്ണീർ ഉരുണ്ടുകൂടി
പൊട്ടിയൊ ഴുകുന്നു
എന്റെ പലമരണങ്ങൾ
കണ്ണിലൂടെ പാഞ്ഞുപോകുന്നു....
