Wednesday, 10 November 2010

ഓര്‍മ്മകളില്‍ ആ പേര്...

'ആദിത്യ' അതായിരുന്നു എന്റെ പേര്. ഇല്ല മറന്നിട്ടില്ല എന്റെ പേര്... പൂപ്പല്‍ പിടിച്ച ഓര്‍മ്മകള്‍ക്കിടയില്‍ നിന്ന് എനിക്കിപ്പോള്‍ ചുരണ്ടിയെടുക്കാന്‍ കഴിയുന്നുണ്ട്.
ഓര്‍മ്മകളുടെ പടവുകളില്‍ ചിലതിലെല്ലാം നിലകിട്ടാതെ വഴുതി വീഴുന്നു, ചിലതില്‍ കാല്‍ വയ്കാന്‍ തന്നെ അറയ്ക്കുന്നു.
ഓര്‍മ്മകളാണോ ഒരു മനുഷ്യന്റെ ജീവന്‍...!
അങ്ങനെയെങ്കില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ താന്‍ മരിച്ചതായിരുന്നു. ഇപ്പോള്‍ വീണ്ടും ആദിത്യ എന്ന എന്നില്‍ ജീവന്റെ തെളിവുകള്‍ കാണിച്ചുതുടങ്ങിയിരിക്കുന്നു...
അതെ സാന്റിയാഗോ ഇവാന്‍ എന്ന ആഗ്ലോ ഇന്ത്യനെ, അവന്റെ ചുവന്ന ചുണ്ടും, വൃത്തിയുള്ള കാലും എനിക്കോര്‍ക്കാന്‍ കഴിയുന്നു...
പക്ഷെ അവന്റെ മനസ്സ്... അതെനിക്ക് ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല...
എന്തുകൊണ്ട് എന്റെ ആദ്യ ഓര്‍മ്മയില്‍ അവന്‍ ...!
അതിനും മുന്പ് എന്റെ പൊക്കിള്‍ കോടിയോട് പിണഞ്ഞു കിടന്ന എന്റെ ഓര്‍മ്മ, എന്റെ മകന്‍...
അവന്‍ ജനിച്ചപ്പോള്‍ ഹരിദാസിനോട് ഏറെ വഴക്കിട്ടു...മോന്റെ പേരിനെ ചൊല്ലിയായിരുന്നു... ഹരി തീര്‍ത്ത്‌ പറഞ്ഞു, ആ പേരൊഴിച്ച് വേറെന്തും നിനക്ക് സെലക്ട്‌ ചെയ്യാന്ന്... എന്റെ വാശി നടന്നില്ല...
പക്ഷെ വെറും വാശി മാത്രമായിരുന്നോ അത്... പക്ഷെ ഞാന്‍ അവനെ അങ്ങനെത്തന്നെ വിളിച്ചു...
എന്റെ അവന്‍ വന്നില്ലേ... അമ്മയെ കാണാന്‍ ...
പക്ഷെ ഹരിദാസ്‌ മരിച്ചതില്‍ പിന്നെ അവനെ അങ്ങനെ വിളിക്കാന്‍ എനിക്ക് എന്തോ പോലെ ആയിരുന്നു...
ഒരിക്കല്‍ ഞാനോര്‍ക്കുന്നു, ഹരിയുടെ മരണശേഷം അവനെ ഞാനാദ്യമായി ഹരി വിളിക്കിക്കും പോലെ വിളിച്ചത്...
ഡൈയ്നിംഗ് ഹാളിന്റെ ഇടതുവശത്തെ അവന്റെ മുറിയുടെ വാതിലില്‍ ചാരിനിന്ന്‌ അവന്‍ എന്നെ തുറിച്ചുനോക്കിയത് ഞാനിന്നും വ്യക്തമായി ഓര്‍ക്കുന്നു...മെല്ലെ നടന്നുവന്ന് എന്നിലേക്ക് ചേര്‍ന്ന്‍ നിന്ന് അവന്‍ പറഞ്ഞു, " അമ്മെ അങ്ങനെ വിളിക്കണ്ട, വല്ലാത്ത അപരിചിതത്വം... അമ്മയില്‍ നിന്ന് വളരെ അകലം പോയ പോലെ... എന്നെ ഇപ്പോഴും വിളിക്കും പോലെ വിളിക്കു..."
അവന്‍ പറഞ്ഞത് എത്രയോ ശരിയാണ്, ആ പേര് അത്രമേല്‍ എന്നില്‍ ഒട്ടിച്ചെര്‍ന്നതാണ്...
ഹരിക്കും അതറിയാമായിരുന്നു... എങ്കിലും ഒരിക്കല്‍ പോലും എന്നെ നോവിച്ചിട്ടില്ല, പക്ഷെ മോന്റെ പേരിന്റെ കാരിയത്തില്‍ മാത്രം ഹരി ഉറച്ചുനിന്നു...
ഹരി മരിച്ചതിനുശേഷം ഒന്നര വര്‍ഷം കഴിഞ്ഞതിനു ശേഷമാണ് നൈസ്സ വീട്ടിലെത്തുന്നത്...
ഒരുച്ഛക്ക് പത്രത്തില്‍ കന്നോടിച്ചുകൊണ്ട് വെറുതെ കസേരയിലിരിക്കുമ്പോള്‍ അവന്‍ വന്ന് എന്റെ കാലില്‍ ചാരിയിരുന്നു. എനിക്കറിയാം എന്റെ കൈ അവന്റെ തലയിലൂടെ സഞ്ചരിക്കണം അപ്പോള്‍ ...
ഞാന്‍ പത്രം മാറ്റിവച്ചു, അവന്റെ മുടിയില്‍ വിരലോടിച്ചു...
അവനെന്റെ കൈപിടിച്ച് എനിക്ക് മുഖം തിരിഞ്ഞിരുന്നു...
അവനെന്തോ പറയാനുണ്ട്... " അമ്മേ നൈസ്സ ഹക്കീമിനെ എനിക്കിഷ്ട്ടമാണ്, അവളെ ഞാന്‍ വിവാഹം ചെയ്യുന്നു..."
ഞാന്‍ ഒന്നും പറഞ്ഞില്ല... അവനും...കുറച്ച് സമയംകൂടി അങ്ങനെത്തന്നെയിരുന്ന അവന്‍ എഴുന്നേറ്റുപോയി...
കണ്ണാട ഊരി ടിപ്പോയില്‍ വച്ച് കസേരില്‍ ചാരി കിടന്നു ഞാന്‍ ... ഞാന്‍ ഹരിദാസിനെ ഓര്‍ത്തു... ഹരി ഉണ്ടെങ്കില്‍ സമതിക്കുമായിരുന്നോ...?
പെട്ടെന്ന്‍ കവിളില്‍ എന്തോ. ഞാന്‍ ഞെട്ടിയുണര്‍ന്നു കിച്ചന്‍ , എന്റെ കൊച്ചുമോന്‍ ഉമ്മ വച്ചതാ... അവന്‍ കൊഞ്ചുന്നു, " മുത്തശ്ശി സ്വപ്നം കാണ്വാ... എത്ര ദിവസമായി മുത്തശ്ശീടെ കഥ കേട്ടിട്ട് "
നൈസയും ഉണ്ട്. അവള്‍ ടിഫിന്‍ കാരിയറും ഫ്രൂട്സും ടേബിളില്‍ വക്കുന്നു. എന്തായാലും തന്റെ മകന്റെ ഭാര്ര്യ ഭാഗ്യവതി തന്നെ. അവള്‍ക്ക് അവളുടെ മകന്റെ പേരിടലിനു ഒരു വാശി പിടിക്കലും വേണ്ടി വന്നില്ല...
വല്ലാത്ത ക്ഷീണം ആദിത്യ എന്ന എനിക്ക് കുറച്ച് ഉറങ്ങണം...
രേഷ്മ തോട്ടുങ്കല്‍ ജാലകം

No comments:

Post a Comment