മുടി പിറകോട്ടു പറ്റിച്ചു ചീകിയ
കറുത്തോരെലുമ്പന്‍ .....
ചെമ്പരത്തിക്കാടുകളോട് പ്രിയം;
കമ്മ്യൂണിസത്തോടും .......
തട്ടും തടയുമില്ലാതെ
തെളിവാര്‍ന്ന ഭാഷയില്‍
കഥപറയും
(ഈ കഥ പറച്ചില്‍ എനിക്കേറെ പ്രിയം; അവനെയും)
സ്ത്രീവിഷയത്തില്‍
ആളൊരു ബാലന്‍ കെ നായരല്ലെങ്കിലും
ചെറിയൊരു സുകുമാരനാണ് ...
ഇനി രണ്ടാമന്‍ ;
മസ്സില് പെരുപ്പിച്ചു പെരുപ്പിച്ചു
കയ്യും നെഞ്ചും മുഴച്ചുപോയൊരു
മൊഞ്ചന്‍ ,
മുള്ളിന്‍ പൂക്കളില്‍ പറന്ന്
നടക്കുന്ന തുമ്പിയെപോലാണ് ...
അപ്പൂപ്പന്‍ താടികളോടാനിഷ്ട്ടം .....
നിറങ്ങള്‍ക്ക് മണമുണ്ടാകുന്ന കാലം
സ്വപ്നം കണ്ടുറങ്ങും ...
(ഈ സ്വപ്‌നങ്ങള്‍ എനിക്ക് പ്രിയം; അവനെയും)
സ്ത്രീവിഷയത്തില്‍
ആള്‍ ഒരു കുഞ്ഞൂഞ്ഞാണ് .....
ഇനിയൊരാള്‍
അന്തര്‍മുഘനാണെന്നു സ്വയം ധരിക്കുന്നു ...
ചുരുട്ടിയ ദേശാഭിമാനിപത്രം
ഉണ്ടാകും കക്ഷത്ത് എപ്പോഴും
വിദൂരതയില്‍ കണ്ണുനട്ടാണ് സംസാരം
ഇന്നിന്‍റെ സകലതും
രസിക്കും പങ്കിടും ....
രാത്രി വീട്ടില്‍ ഉത്തരത്തില്‍ -
ഉറികെട്ടി കുറെ ചോദ്യങ്ങളെ കാത്തുവയ്ക്കും .....
എന്നും അസ്വസ്ഥനത്രെ ....
(ഈ അസ്വസ്ഥതകളും
ആരെയോ ഓര്‍മിപ്പിക്കുന്ന മാനറിസങ്ങളും ;
എനിക്കിവന്‍ പ്രിയ്യപ്പെട്ടവന്‍ )
സ്ത്രീവിഷയത്തില്‍
ആളൊരു മമ്മൂട്ടിയാണ് ;
സദാചാരമൂല്യം മുറുകെപ്പിടിച്ചുകൊണ്ട്
കാമുകിയുടെ കണ്ണീരുപോലും
ചൂണ്ടുവിരല്‍ കൊണ്ടേ തൊടു ....
ഇനിയുള്ളവന്‍
വളരെ സാധാരണക്കാരന്‍
ബുദ്ധിജീവിജാഡ തൊട്ടുതീണ്ടാത്തവന്‍ ...
എപ്പോഴും ചുട്ടുപഴുത്ത പ്രണയം-
കൊണ്ടവളെ കാച്ചിയൊരുക്കും ...
ദിവസവും സ്വപ്നങ്ങളില്‍
വീടുകെട്ടും ; മഴപോലെ
സുന്ദരിയായൊരു പെണ്‍കുഞ്ഞിനെ
നോറ്റു നോറ്റിരിയ്കും ....
(പ്രിയതരമീ പ്രണയം ; എനിക്കിവനും )
സ്ത്രീവിഷയത്തില്‍
ആളൊരു നസീറാണ് ,
അവളുടെ നിതംബങ്ങള്‍
അയാളെ അങ്ങനെ തോന്നിപ്പിച്ചു .....
ഒരു കാര്യം ഉറപ്പാണ്
എന്റെ ഇട്ടാവട്ടത്തിലെ ആണുങ്ങളിലൊന്നും
ഒരു മുഴുവന്‍ ഗോവിന്ദചാമി
ഉണ്ടായിരുന്നില്ല ....ഭാഗ്യം ......
