Monday, 1 August 2011


കടലും നിലാവും പൂക്കളും
മഴമേഘവും മടുത്തു........
വേനല്‍ ചൂടില്‍ വീശിയുറക്കിയും
മഴക്കുളിരില്‍ പുണര്‍ന്നുറങ്ങിയും
വന്ധ്യമായ്‌ തീര്‍ന്ന രാത്രികള്‍ ....
വിഷപ്പല്ലാഴ്ന്നിറങ്ങിയ പൊക്കിള്‍ ചുഴിയില്‍
ഇരുട്ട് വന്നുമ്മവച്ചു.....
ഗര്‍ഭപാത്രത്തിലെ ദ്യുതി
ഒരു കാപ്സ്യൂളിന്‍റെ കുത്തേറ്റു
ചിതറിപ്പോയ്‌ ....
ചുണ്ടില്‍ നുരഞ്ഞുപൊന്തിയത്
മുലക്കന്ണോളം ഒലിച്ചിറങ്ങി
വ്രണങ്ങളില്‍ അളച്ചത്
മുഖമറിയാത്തവന്‍റെ ബീജങ്ങള്‍ ....
പോസ്റ്റുമാര്‍ട്ടം കഴിഞ്ഞും
പുളച്ചു മറിഞ്ഞു മാധ്യമകീടങ്ങള്‍ ;
പരേതയ്ക്ക് ഭൂതം, വര്‍ത്തമാനങ്ങളായ് ........ ജാലകം

Sunday, 31 July 2011



കാത്തിരിക്കണം എന്ന്
ഒരിക്കല്‍ പോലും പറഞ്ഞിട്ടില്ല.....
എന്നിട്ടും കാത്തിരിപ്പിന്‍റെ
പാറ്റെന്‍റ് ഞാന്‍ പിടിച്ചു വാങ്ങിച്ചു......

ഓര്‍മിക്കണം എന്ന്
ഒരിക്കല്‍ പോലും ആവശ്യപ്പെട്ടില്ല...
നിന്നെ ഓര്‍ക്കുക എന്നത്
എന്നെ ഞാന്‍ ശീലിപ്പിച്ചിട്ടുമില്ല...
ഇരയുടെ മേല്‍ ചാടിവീഴുന്ന
സിംഹത്തെപോലെ
എന്നും പക്ഷെ നീയെന്നെ
ആക്രമിച്ചുകൊണ്ടിരുന്നു......... ജാലകം

Thursday, 28 July 2011


എന്‍റെ നെഞ്ചില്‍
നീ കുത്തിയിറക്കിയ ശൂലം
വലിചൂരുക,
ഈ മുറിവുകളില്‍ നിന്നും
ചീറ്റിത്തെറിക്കുന്ന ചോര കൊണ്ട്
നീ കാറിത്തുപ്പിയ എന്‍റെ മുഖം
ചുവക്കട്ടെ.....
എന്‍റെ രക്തം പുരണ്ട നിന്റെ കൈ
എന്‍റെ സീമന്തരേഖയിലും
എന്‍റെ നെറ്റി നിന്റെ നെറ്റിയിലും
ചേര്‍ത്തുവച്ചതിനു,
നിന്നില്‍ വീണു മരിച്ച
എന്‍റെ അവസാനത്തെ കുറുമ്പായ്
നീ ക്ഷമിക്കുക...........
ജാലകം

Friday, 17 June 2011




അവളെ സ്നേഹിക്കാന്‍ വേണ്ടി മാത്രം
അവന്റെ ബാറ്ററികള്‍ ചാര്‍ജുചെയ്യപ്പെട്ടു,
അവളെ സ്നേഹിക്കാന്‍ വേണ്ടി മാത്രം
അവന്ടെ ഫോണ്‍ റീചാര്‍ജുകൂണപ്പകള്‍
രുചിയോടെ തിന്നു തീര്‍ത്തു.......
രാത്രികളെല്ലാം ഫോണ്‍ വെളിച്ചത്തില്‍
പകലുകളായ്‌;രാത്രി അര്‍ഥം വച്ച് ചിരിച്ചു.
സമയങ്ങള്‍ പായ്യാരങ്ങളില്‍
കുട്ടിക്കരണം മറിഞ്ഞു.

പെട്ടൊന്നൊരു പുലര്‍ച്ചെ
അവന്ടെ ബാറ്ററി ലോ...

ആര്‍ക്കാണ്‌ ചെവി വേദന ആരംഭിച്ചത്...??? ...

അവളുടെ ചെവിയില്‍
അവന്ടെ ഫോണ്‍ പൊട്ടിത്തെറിച്ചു....
അവന്‍ രക്ഷപ്പെട്ടു പരിക്കില്ലാതെ,
അവള്‍ പക്ഷെ ചത്തില്ല;
വലതു ചെവിയും
ഇടതു ഹൃദയവും
അടിവയറും
ഇടയ്ക്കിടെ ചോര വാര്‍ന്നു.....

പിന്നെയും രണ്ടാഴ്ച,
"ചാര്‍ജറില്‍ തൂങ്ങിച്ചത്ത
പെണ്‍കുട്ടി"-യുടെ
ത്രില്ലിംഗ് സ്റ്റോറി ; ചര്‍ച്ചയില്‍
പങ്കെടുത്ത ഫോണ്‍ വിദഗ്ദ്ധനെ
ലൈനില്‍ തുടരാനനുവദിച്ചു
അവന്‍ അലസമായ്‌
ചാനലുമാറ്റി.......

" ഇവള്‍ കൃഷ്ണ
പ്രണയത്തിന്‍റെ ചരക്കു കപ്പലില്‍
വാണിഭം ചെയ്യപ്പെട്ടവള്‍
ആര്‍ദ്രതയുടെ ആഴങ്ങളില്‍ നിന്ന്
നിങ്ങള്‍ക്കെന്താ ഒരിക്കലെങ്കിലും
ഇവളെ പേര് ചൊല്ലി വിളിച്ചാല്‍ "
-കാഴ്ചക്കാരി-
ജാലകം

Friday, 3 June 2011

..........മഴപ്പാലം.........

അച്ഛന്‍ ജൂണ്‍ മാസം;
നനഞ്ഞുപോയ വെടിമരുന്നിന്‍റെ
പുകച്ചിലുകള്‍ നെഞ്ഞേറ്റി,
ഒരു കുടപോലെ.
നീ ജൂണിലെ മഴയും.....


ചിന്നിചിതറുന്ന മഴയ്ക്കുള്ളിലൊരു
വിസ്ഫോടമുണ്ടെന്നും,
ഓരോ മഴസ്ഫോടനങ്ങളും
പരസ്പരം നമ്മെ തുന്നിചേര്‍ക്കുമെന്നും
ഒരു മഴയ്ക്കുള്ളിലിരുന്നെന്നെ
നീ പഠിപ്പിച്ചു.......

ഉറക്കം കനം വച്ച

എന്റെ കണ്ണിലെ നക്ഷത്രങ്ങളെല്ലാം
മഴക്കുമ്പിളില്‍ നീ കോരിയെടുത്തു ...

പുലരിയെത്തുമ്പോള്‍
മഴചാറ്റലായ്‌ വന്നെന്നെ നീ
ആര്‍ദ്രയാക്കി ........

പകലുകളിലെല്ലാം

മഴനൂലുകൊണ്ട്
എന്നെ നീ കെട്ടിയിട്ടു......

സായന്തനങ്ങളില്‍
എന്റെ നെറ്റിയിലൊരു

മഴപ്പൊട്ടായ്‌
നീ തുടിച്ചു നിന്നു.......

രാത്രിയില്‍ മഴപെയ്ത

വലയ്ക്കുള്ളില്‍
എന്നെ ഉറക്കി കിടത്തി നീ......

നീ....നീ എന്തൊരു മഴയാണ്....!!!!!!!!!!!!

അച്ഛനില്‍ നിന്ന് നിന്നിലേയ്ക്ക്
ഏതു മഴപ്പലമാണ്‌ുള്ളത്.........
ജാലകം

Monday, 16 May 2011

വേലി
അതിര്‍ത്തിയിലെ വെളുത്തചെമ്പരത്തികള്‍
പെട്ടന്നായിരുന്നു ചോരചര്‍ദ്ദിച്ചത്.....
അങ്ങനെയാണ് ജാനുവും ദിവാകരനും
പറമ്പിന്‍റെ മൂലയിലെ
ചെമ്പരത്തിക്കാടുകള്‍
ഉപേക്ഷിച്ചു പോയത്.......
അതിര്‍ത്തിയിലെ പൂക്കള്‍
മുള്ളുവേലിയിലെ
നീറ്റലിലേയ്ക്ക്‌ വഴിമാറി.....
ഉണ്ണിക്കുട്ടന്‍റെ ബോളുകളി
പറമ്പിനുള്ളിലേയ്കും......

വേലികള്‍ പിന്നെയും മാറിവന്നു.....
ജാനുവും ദിവാകരനും
എവിടെയൊക്കെയോ ഉള്ള
കസേരകളിലിരുന്നു
സെര്‍വറുകളെ ചീത്തപറഞ്ഞു
കിന്നരിക്കുന്നു....
ചെമ്പരത്തിയും, പിച്ചിയും
മുള്ളിന്പൂക്കളും
ഉണ്ണിക്കുട്ടന്‍റെ വാള്‍പേപ്പറുകളില്‍
വാടാതെ വെളുക്കെ
ചിരിക്കുന്നു.....
ഉണ്ണിക്കുട്ടന്‍റെ ബോള്‍
അപ്ഡേറ്റ് ചെയ്യാന്‍ മറന്ന
അപ്ളിക്കേഷനില്‍
കാറ്റോഴിഞ്ഞു കിടക്കുന്നു......... ജാലകം

Tuesday, 10 May 2011

കവിതയെഴുത്ത് തൊഴിലാളി; കൂലി="?"

രാത്രി ഉറക്കമിളച്ച്
കുത്തിക്കുറിക്കുന്നവന്‍റെ
വേദന ആരറിയാന്‍
പകര്‍ത്തിയെഴുതണം
വിറ്റുകാശാക്കണം....
ഹൃദയം കീഴടക്കുന്ന
തൊഴിലിനും കൊള്ളാം
അതുകൊണ്ട് തന്നെ
കവികളെ മാറ്റിവച്ചു
സംസാരിക്കാം....
അല്ലെങ്കില്‍ തന്നെ
യൂണിയനുകള്‍ ഇല്ലാത്ത
ഈ തൊഴിലാളികള്‍
എന്തിനു കൊള്ളാം......
ജാലകം