Saturday, 28 July 2012

രണ്ടാമതൊരകമില്ലെനിക്കെന്റെ -
പ്രാണന്റെ നീറ്റലും ,പുഴുങ്ങലും
വെട്ടിപ്പിടിക്കലും, നിലയ്കാത്ത
രക്തസ്രാവങ്ങളും;
ഒഴുകിപ്പരക്കുന്നതും ,
കിതചൊടുങ്ങുന്നതും,
തിരയടിക്കുന്നതുമൊക്കയുമെന്റെയീ -
യൊറ്റയകങ്ങളില്‍ മാത്രം ......
ഞാന്‍ പെണ്ണ് ;
ഹൃദയത്തില്‍ കന്യാചര്‍മ്മമുളളവള്‍
ജാലകം

Saturday, 26 May 2012

മുന ചെത്തി,
എന്നെ ഞാനോരായുധമാക്കി
ഒരുക്കി നിര്‍ത്തട്ടെ;
അവശ്യം വരും
ഒറ്റക്കുത്തിന് നിന്റെ
നെഞ്ചു പിളര്‍ന്നൊരു
കര കടലാല്‍ മൂടാന്‍ 

ജാലകം

Friday, 20 January 2012

പത്മ...
പത്മ ...
ആരാലും വായിക്കപ്പെടാതെ
ദ്രവിച്ചു തീര്‍ന്ന ഒരെഴുത്താണിത്തുമ്പില്‍
പൊള്ളിവിയര്‍ത്തവള്‍ .....

ഓരോ തിരയിളക്കങ്ങളിലും
കഥ പേറുന്നവള്‍ ......
പത്മ;
ഒരു തിരയാണ്...

പതഞ്ഞു പൊങ്ങിയ
ഭൂഖണ്ഡങ്ങള്‍
വിസര്‍ജ്ജിച്ചതെല്ലാം
ഓരോ മടക്കുകളിലും....

പത്മ
ഒരു തീവണ്ടി മരണം
സ്വപ്നം കാണുന്നു.....

(രണ്ടു )
പത്മ
ഒരു തിരയാണ്....
നുരഞ്ഞുപൊന്തിയ ഗ്ലാസിലും
കുഴഞ്ഞ നാവിലും
കഥയായ്
അവള്‍ തിരയടിക്കുന്നു....

വികസിപ്പിച്ചാല്‍
തിരശീലയ്ക്കകം
തിരയടിക്കുമവള്‍ ......
പത്മ;
ഒരു ത്രെഡാണ്...


റിസ്റ്റുവാച്ചുകെട്ടിയ
രോമാവൃതമായ
ആ കൈക്ക്
ഒരു തിരക്കഥയെഴുതാന്‍
എളുപ്പം.....

പത്മ...
ബാല്യം
കൌമാരം
യൗവനം
തിരയൊടുങ്ങാതെ
176 പേജില്‍
ഒരു തിരക്കഥ....
പത്മ.....
ജാലകം

Tuesday, 3 January 2012


കീവായു- ഒരു പ്രതിഷേധസ്വരം


പനിയാണ്: എനിക്കിന്നു ലീവ് വേണം.
പരിശോധന,
മുടി പനിമണക്കുന്നില്ല
കണ്ണുകളില്‍ പനിത്തണുപ്പില്ല
തൊട്ടുനോക്കലില്‍
പനിയില്ലെന്നു വിധി വന്നു
ഒപ്പം ലീവ് ഇല്ലെന്നും;
തൊട്ടുനോക്കാന്‍ കഴിയാത്ത ഇടങ്ങളിലെ പനി
രോഗമോ, രോഗലക്ഷണമോ
അല്ല പോലും.
ലീവ് തരാന്‍ വകുപ്പില്ലെന്ന്...

കഴുവേറികള്‍ .....
പനിമണം,
പനിത്തണുപ്പ്
പനിക്കുളിര്
പനിമഴ
പനിചൂട്
ഇങ്ങനെ പനിവസന്തം
നിറഞ്ഞ എന്റെ
പനിയിടങ്ങളിലെക്ക്
താഴ്ത്തി വയ്ക്കുവാന്‍
ഒരു പനിമാപിനിയില്ലാത്താതെ-
ന്‍റെ തെറ്റാണോ?????

എനിക്ക് പനിക്കുന്നു.... ലീവ്.......

തലചൊറിഞ്ഞ് പരുങ്ങി
നിന്നിട്ടെന്തു കാര്യം,
വിരലഞ്ചിലും താരന്‍
അല്ലാതെന്ത്....


ഇളിച്ചു നിന്ന മുഖത്ത്
ഒരു പ്രതിക്ഷേധം
ഉരുണ്ടു കൂടി
താഴേയ്ക്കിറങ്ങി.....
ഒടുവിലൊരൊറ്റപൊട്ടല്‍
പ്രതിക്ഷേധം;
ഏമാന്റെ മുറിയില്‍
ഒരു കീവയുവിന്റെ സ്വരത്തില്‍ ....

തലചെരിച്ചു
ഇറങ്ങി നടന്നു
ശീതീകരിച്ചമുറിയിലേക്ക്‌.....
ജാലകം

Thursday, 1 December 2011

അദ്രു ഇങ്ങനെയൊന്നുമായിരുന്നില്ല...

ഓര്‍മ്മകളിലെക്കൊരൊറ്റ നടപ്പാത പോലെ
ഇന്നും മാറാതെ കിടക്കുന്നത്,
മദ്രസ്സവിട്ടു പാഞ്ഞു വരുന്ന അദ്രൂനെ
അക്ഷമയോടെ കാത്തിരിക്കാറുണ്ടായിരുന്ന
ഈ തോട്ടു വരമ്പ് മാത്രം...

ഇതിന്‍റെ അങ്ങേ അറ്റത്ത്‌
ഒരു വീടുണ്ടായിരുന്നു...
കരിയോലയും ചീമക്കമ്പുകളും
കൊണ്ടൊരു കൊച്ചു വീട്....
അവിടെ
ഉന്നപ്പൂളയുടെ ചുവന്ന പൂക്കള്‍ കോര്‍ത്ത്‌
കല്യാണം കഴിച്ച
വേനലവധിക്കാലങ്ങള്‍ .....
മണ്ണപ്പം ചുട്ടു ഞാന്‍ വീട്ടുകാരിയും
ചിരട്ടയും മണ്ണും കൊണ്ടുവന്നവന്‍
വീട്ടുകാരനുമായ്‌....
മലര്‍ത്തിക്കിടത്തിയാല്‍ കണ്ണടക്കുന്ന പാവകുട്ടിക്ക്‌
ഞങ്ങള്‍ അമ്മയും ബാപ്പയുമായി....

നോമ്പെടുത്ത് അവനും
നോമ്പെടുക്കാതെ ഞാനും
കോയ്യെറച്ചിയ്ക്കും പത്തിരിക്കും
കൊതിയോടെ കാത്തിരുന്ന
നോമ്പുകാലത്തെ മഗ്രിബ് നേരങ്ങള്‍....

പടക്കം പൊട്ടിച്ചു എനിക്കു മുന്നില്‍
ആണായി ഞെളിഞ്ഞു നിന്ന വിഷുക്കാലങ്ങള്‍ ,
വാഴയിലക്കറ പറ്റിയ
തിരുവോണ നാളിലെ ഉച്ചകള്‍ ‍...
എല്ലാം...
അവിടെ ആയിരുന്നു.....
മാറ്റമില്ലാതെ കിടക്കുന്ന
തോട്ടുവരമ്പിന്‍റെ അങ്ങേ അറ്റത്ത്...

ഇവിടെ ഈ അറ്റത്തു
അദ്രു എനിക്കറിയാത്ത എന്തൊക്കയോ ആണ്...

വായനശാലയ്ക്ക് കിഴക്ക് ഭാഗത്തെ കുരുട്ടിടയില്‍
അവന്‍ ആളെ കൂട്ടുന്നു; കുശു കുശുക്കുന്നു
ഹര്‍ക്കത്തുള്‍ ജിഹാദേന്നും
ലഷ്ക്കര്‍ ജിഹാദേന്നുമൊക്കെ
ഇടയ്ക്കിടെ മുഴങ്ങുന്നു....
അദ്രു എന്തിനൊക്കയോ ഒരുങ്ങിപുറപ്പെടുന്നു

എത്ര വിളിച്ചിട്ടും
ചെവിതരാതെ
തിരിഞ്ഞു നോക്കാതെ അദ്രൂ... ജാലകം

Thursday, 24 November 2011

---എന്‍റെ ഠ വട്ടത്തിലെ ആണുങ്ങള്‍ ----

തല നിറയെ എണ്ണതേച്ചു
മുടി പിറകോട്ടു പറ്റിച്ചു ചീകിയ
കറുത്തോരെലുമ്പന്‍ .....
ചെമ്പരത്തിക്കാടുകളോട് പ്രിയം;
കമ്മ്യൂണിസത്തോടും .......
തട്ടും തടയുമില്ലാതെ
തെളിവാര്‍ന്ന ഭാഷയില്‍
കഥപറയും

(ഈ കഥ പറച്ചില്‍ എനിക്കേറെ പ്രിയം; അവനെയും)

സ്ത്രീവിഷയത്തില്‍
ആളൊരു ബാലന്‍ കെ നായരല്ലെങ്കിലും
ചെറിയൊരു സുകുമാരനാണ് ...

ഇനി രണ്ടാമ‍ന്‍ ;
മസ്സില് പെരുപ്പിച്ചു പെരുപ്പിച്ചു
കയ്യും നെഞ്ചും മുഴച്ചുപോയൊരു
മൊഞ്ചന്‍ ,
മുള്ളിന്‍ പൂക്കളില്‍ പറന്ന്
നടക്കുന്ന തുമ്പിയെപോലാണ് ...
അപ്പൂപ്പന്‍ താടികളോടാനിഷ്ട്ടം .....
നിറങ്ങള്‍ക്ക് മണമുണ്ടാകുന്ന കാലം
സ്വപ്നം കണ്ടുറങ്ങും ...

(ഈ സ്വപ്‌നങ്ങള്‍ എനിക്ക് പ്രിയം; അവനെയും)

സ്ത്രീവിഷയത്തില്‍
ആള്‍ ഒരു കുഞ്ഞൂഞ്ഞാണ് .....

ഇനിയൊരാള്‍
അന്തര്‍മുഘനാണെന്നു സ്വയം ധരിക്കുന്നു ...
ചുരുട്ടിയ ദേശാഭിമാനിപത്രം
ഉണ്ടാകും കക്ഷത്ത്‌ എപ്പോഴും
വിദൂരതയില്‍ കണ്ണുനട്ടാണ് സംസാരം
ഇന്നിന്‍റെ സകലതും
രസിക്കും പങ്കിടും ....
രാത്രി വീട്ടില്‍ ഉത്തരത്തില്‍ -
ഉറികെട്ടി കുറെ ചോദ്യങ്ങളെ കാത്തുവയ്ക്കും .....
എന്നും അസ്വസ്ഥനത്രെ ....

(ഈ അസ്വസ്ഥതകളും
ആരെയോ ഓര്‍മിപ്പിക്കുന്ന മാനറിസങ്ങളും ;
എനിക്കിവന്‍ പ്രിയ്യപ്പെട്ടവന്‍ )

സ്ത്രീവിഷയത്തില്‍
ആളൊരു മമ്മൂട്ടിയാണ് ;
സദാചാരമൂല്യം മുറുകെപ്പിടിച്ചുകൊണ്ട്
കാമുകിയുടെ കണ്ണീരുപോലും
ചൂണ്ടുവിരല്‍ കൊണ്ടേ തൊടു ....

ഇനിയുള്ളവന്‍
വളരെ സാധാരണക്കാരന്‍
ബുദ്ധിജീവിജാഡ തൊട്ടുതീണ്ടാത്തവന്‍ ...
എപ്പോഴും ചുട്ടുപഴുത്ത പ്രണയം-
കൊണ്ടവളെ കാച്ചിയൊരുക്കും ...
ദിവസവും സ്വപ്നങ്ങളില്‍
വീടുകെട്ടും ; മഴപോലെ
സുന്ദരിയായൊരു പെണ്‍കുഞ്ഞിനെ
നോറ്റു നോറ്റിരിയ്കും ....

(പ്രിയതരമീ പ്രണയം ; എനിക്കിവനും )

സ്ത്രീവിഷയത്തില്‍
ആളൊരു നസീറാണ് ,
അവളുടെ നിതംബങ്ങള്‍
അയാളെ അങ്ങനെ തോന്നിപ്പിച്ചു .....

ഒരു കാര്യം ഉറപ്പാണ്‌
എന്റെ ഇട്ടാവട്ടത്തിലെ ആണുങ്ങളിലൊന്നും
ഒരു മുഴുവന്‍ ഗോവിന്ദചാമി
ഉണ്ടായിരുന്നില്ല ....ഭാഗ്യം ...... ജാലകം

Thursday, 17 November 2011

--കൂട്ടുകാരീ നിന്നോട് --

ക്ഷമിക്ക നീ ...
ഒന്നും പറയാത്തതല്ല;
വ്രണപ്പെടുന്ന നേരങ്ങളിലെല്ലാം
കൂട്ടുകാരീ നാവു പൊന്താറുണ്ട് ,
എങ്കിലും ഏതോരുഷ്ണക്കാറ്റില്‍
സ്വയമുരുകിയോലിച്ചൊരു -
കവിതയ്ക്കായ് അടിവയറ് തീര്‍ക്കുന്നു ഞാന്‍....

എല്ലാം കേട്ട് കഴിഞ്ഞും
ചോദ്യശരങ്ങളില്‍
കുത്തിനിര്‍ത്തെന്നെ നീ...

ആത്മദുഖത്തിന്റെ വക്കുപൊട്ടിയ
കോപ്പക്കുള്ളില്‍ തുളുമ്പുന്ന -
മധുരവേദനകള്‍
ചോരയൊലിപ്പിച്ചു നീറ്റുന്നു
എന്റെ നേരങ്ങളെ .....

ക്ഷമിക്കുക നീ...
ധൃതിപ്പാടിലായിരുന്നു ഞാന്‍,
ചിന്തയില്‍ കുരുക്കിട്ട്
പിടഞ്ഞാടുന്ന എന്നെ
നാലാം കാലത്തിലേക്ക് തള്ളിവിടാനുള്ള
ധൃതിപ്പാടില്‍ ....
മാപ്പ് .... മാപ്പ് ..... ജാലകം